
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായികയും രജനിയുടെ മകളുമായ ഐശ്വര്യ രജനികാന്ത്. തന്റെ അച്ഛന്‍ സംഘിയല്ലെന്നും ആയിരുന്നെങ്കില്‍ ‘ലാല്‍സലാം’ പോലൊരു ചിത്രം ചെയ്യില്ലായിരുന്നു എന്നും ഐശ്വര്യ പറഞ്ഞു. ‘ലാല്‍സലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
“ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ്. എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് എന്റെ ടീം ആണ് എന്നെ അറിയിക്കുന്നത്. ഇടക്ക് അവര്‍ ചില പോസ്റ്റുകള്‍ കാണിക്കാറുമുണ്ട്. അവ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ഞങ്ങളും മനുഷ്യരാണ്. അടുത്ത കാലത്തായി പലരും എന്റെ അച്ഛനെ സംഘി എന്നാണ് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കറിയില്ല. അങ്ങനെ ഞാന്‍ ഒരാളോട് സംഘി എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘി എന്ന് വിളിക്കുന്നതെന്ന്. ഈ അവസരത്തില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രജനികാന്ത് ഒരു സംഘിയല്ല. ആയിരുന്നെങ്കില്‍ അദ്ദേഹം ‘ലാല്‍സലാം’ പോലൊരു ചിത്രം ചെയ്യില്ലായിരുന്നു.”
പല നിര്‍മ്മാതാക്കളും ഈ ചിത്രത്തിന് പണം മുടക്കാന്‍ തയാറായിരുന്നില്ലെന്നും അതിനാല്‍ തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടിയെന്നും ഐശ്വര്യ വെളിപ്പെടുത്തി. തന്റെ അച്ഛനോട് സിനിമയുടെ ഭാഗമാകാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് അപ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാല്‍സലാം’ ഫെബ്രുവരി ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുന്നത്. അതിഥി വേഷത്തിലാണ് രജനി എത്തുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.