“എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്”; മാധ്യമപ്രവർത്തകനോട് കയർത്ത് രജിനികാന്ത്

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് നടൻ രജിനികാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചായിരുന്നു ചോദ്യം.

ഉദയനിധിയുടെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ തന്നെ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദേഷ്യം വന്നിട്ടും രജനികാന്ത് ശാന്തത പാലിക്കുകയും സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. വേട്ടയ്യനിലെ വേഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ വ്യത്യസ്തമായൊരു വേഷമായിരിക്കും എന്നതായിരുന്നു രജിനിയുടെ മറുപടി.