രാജ്കോട്ട് ഗെയിം സോണ്‍ തീപിടുത്തം: വ്യാപക നടപടി, പോലീസുകാര്‍ക്ക് ഉള്‍പ്പെടെ സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ട് ഗെയിം സോണില്‍ ഉണ്ടായ തീപിടിത്തത്തില്‍ 28 പേരുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെ വിവിധ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. അനാസ്ഥയുടെ പേരില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥലം സന്ദര്‍ശിച്ച് സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വലിയ സര്‍ക്കാര്‍ നടപടി.

ആവശ്യമായ അനുമതികളില്ലാതെ ഈ ഗെയിം സോണ്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതില്‍ കടുത്ത അശ്രദ്ധ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രണ്ട് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും മൂന്ന് സിവില്‍ ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ടൗണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ആര്‍എംസി ഗൗതം ജോഷി, രാജ്കോട്ട് റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എംആര്‍ സുമ, പോലീസ് ഇന്‍സ്പെക്ടര്‍മാരായ വിആര്‍ പട്ടേല്‍, എന്‍ഐ റാത്തോഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഫയര്‍ ക്ലിയറന്‍സിനായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെയാണ് ടിആര്‍പി അമ്യൂസ്മെന്റ് സെന്റര്‍ പ്രവര്‍ത്തിച്ചതെന്നും, കൂടാതെ ഗെയിം സെന്ററിന് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ പറഞ്ഞു. ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.