
ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെയാണ് രാജ്കുമാര്‍ ആനന്ദ് രാജിവെച്ചത്. എന്നാല്‍, ഭയംകൊണ്ടാണ് രാജ്കുമാര്‍ രാജിവെച്ചതെന്നാണ് ആംആദ്മിയുടെ പ്രതികരണം.
രാജ് കുമാര്‍ ആനന്ദ് ഭയന്നുപോയെന്നും എല്ലാവര്‍ക്കും സഞ്ജയ് സിങ്ങിനെപ്പോലെയാകാന്‍ കഴിയില്ലെന്നതിനാലാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാട്ടി ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി രാജ് കുമാര്‍ ആനന്ദ് പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇത് തെളിയിക്കുന്നുവെന്നും രാജ് കുമാര്‍ ആനന്ദിനെ ഇഡി റെയ്ഡ് ചെയ്തുവെന്നും എല്ലാ ബിജെപി നേതാക്കളും അദ്ദേഹത്തെ അഴിമതിക്കാരനെന്ന് വിളിച്ചവെന്നും അദ്ദേഹം പരിഹസിച്ചു. മാത്രമല്ല, രാജ് കുമാര്‍ ആനന്ദിനെ ഹാരമണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടോ എന്നാണ് ഇനി ലോകം കാണേണ്ടതെന്നും സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘എഎപിയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ കള്ളം പറഞ്ഞുവെന്ന് നിങ്ങള്‍ ആരോപിച്ചു, ഇപ്പോള്‍ അത് വ്യക്തമായോ? എന്നും സഞ്ജയ് സിംഗ് ചോദിച്ചു.