
കോഴിക്കോട്: രാഷ്ട്രീയ നേതാക്കളുടെ ഏകാധിപത്യ സ്വഭാവത്തെ രൂക്ഷമായി വിമർശിച്ച് ചരിത്രകാരനും ആക്ടിവിസ്റ്റുമായ രാമചന്ദ്ര ഗുഹ രംഗത്ത്. ഏകാധിപത്യവും കടന്ന് സ്വയം ദൈവമാണെന്ന് ചിന്തിക്കുന്ന നിലയിലാണ് പ്രധാനമന്ത്രിയെത്തി നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടി. നരേന്ദ്ര മോദി മാത്രമല്ല ഏകാധിപത്യ ശൈലിയിൽ പ്രവർത്തിക്കുന്നതെന്നും രാജ്യത്ത് നിരവധി മിനി മോദിമാരുണ്ടെന്നും ഗുഹ ചൂണ്ടികാട്ടി. കേരള മുഖ്യമന്ത്രി പിണറായി വിജയനെയടക്കം അദ്ദേഹം ഉദാഹരമാണമായി ചൂണ്ടികാട്ടി. രാജ്യത്തെ ഏറ്റവും ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് ഗുഹ അഭിപ്രായപ്പെട്ടത്.
ഇ കെ നായനാരേക്കാളും ജ്യോതി ബസുവിനേക്കാളും മണിക് സർക്കാറിനേക്കാളും ഏകാധിപത്യശൈലിയാണ് പിണറായി വിജയനുള്ളത്. ഇവരെല്ലാം മോദിയെപ്പോലെത്തന്നെയാണ്. മുണ്ടുടുത്ത മോദിയാണ് കേരള മുഖ്യമന്ത്രിയെന്നും പറയുന്നതിൽ ശരിയുണ്ടെന്നും ഗുഹ കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച എം പി വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണത്തിൽ ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് രാഷ്ട്രീയ നേതാക്കളുടെ ഏകാധിപത്യ സ്വഭാവത്തെ അദ്ദേഹം വിമർശിച്ചത്.
പിണറായി വിജയനെക്കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി എന്നിവരെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. മമത ബാനർജി പൂർണമായും സ്വേച്ഛാധിപതിയാണ്. സാരിയുടുത്ത മോദിയാണ് മമത ബാനർജി. കെജ്രിവാൾ ബുഷ് ഷർട്ടിട്ട മോദിയാണ്. നവീൻ പട്നായിക് വെള്ള ദോത്തിയുടുത്ത മോദിയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നേർവഴിക്ക് നയിക്കുകയും ഇന്ത്യയെ ലോകത്തെ പ്രധാന ശക്തിയാക്കുകയും ചെയ്ത പ്രധാനപ്പെട്ട രണ്ടു നേതാക്കൾ നെഹ്റുവും പട്ടേലുമായിരുന്നു. അവർ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് എന്ന് കരുതുന്നവരുണ്ടാകും. അങ്ങനെയല്ല, നെഹ്റു വികാരപരമായ സമഗ്രതയാണ് ഇന്ത്യക്ക് നൽകിയതെങ്കിൽ പട്ടേൽ ഇന്ത്യക്ക് നൽകിയത് കരുത്താണെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ കുടുംബാധിപത്യത്തെക്കുറിച്ചും ഗുഹ വിമർശനമുന്നയിച്ചു. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുകയാണ്. പ്രിയങ്ക, രാഹുല്‍, സോണിയാ ഗാന്ധി എന്നിവര്‍ പ്രധാന നേതാക്കളായി തുടരുകയാണ്. അതിനിടയിലാണ് ഞാന്‍ പ്രസിഡന്‍റാകണമെങ്കിൽ എന്റെ മകന് കര്‍ണാടകയില്‍ മന്ത്രിസ്ഥാനം നല്‍കണമെന്നും മരുമകന് ലോക്‌സഭാ ടിക്കറ്റ് വേണമെന്നും പറയുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.














