‘പലവട്ടം കണ്ണു തുടച്ചു, കണ്ഠമിടറി’; ആടുജീവിതത്തിലെ നജീബിനെ നേരിൽ കണ്ട് രമേശ് ചെന്നിത്തല

ആലപ്പുഴ: മലയാളത്തിലെ ബെസ്റ്റ് സെല്ലർ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രവും ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മരുഭൂമിയിൽ ആടുകൾക്കൊപ്പം ഒറ്റപ്പെട്ട് മൂന്ന് വർഷം അടിമജീവിതം നയിക്കേണ്ടി വന്ന നജീബ് എന്ന മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. യഥാർത്ഥ ജീവിതത്തിൽ ഷുക്കൂർ എന്ന മനുഷ്യൻ അനുഭവിച്ച കഷ്ടതകളെയാണ് ബെന്യാമിൻ നോവലിലേക്കും ബ്ലെസി ക്യാമറയിലേക്കും പകർത്തിയത്. ആലപ്പുഴക്കാരനായ ഷുക്കൂറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട അനുഭവം പങ്കിടുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു അദ്ദേഹത്തിനൊപ്പം.

സിനിമയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചെന്നും, സംസാരത്തിനിടെ അദ്ദേഹം പലവട്ടം കണ്ണു തുടച്ചെന്നും ചെന്നിത്തല ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണരൂപം:

അടിമജീവിതത്തിന്റെ നുകംപേറി മണലാരണ്യത്തില്‍ കരിഞ്ഞുണങ്ങിയ അനേകരുടെ ജീവിതത്തിന്റെ പ്രതീകമാണ് നജീബ്. ജീവിതത്തിന്റെ ഒരു നല്ലകാലം പ്രതീക്ഷയറ്റ് മരുപ്പച്ചകള്‍ പോലുമില്ലാതെ അടിഞ്ഞുപോയ ഒരു മനുഷ്യന്‍.

എന്റെ മണ്ഡലമായ ഹരിപ്പാട്ടെ ആറാട്ടുപുഴ സ്വദേശിയായ നജീബിന്റെ കഥയാണ് ആടുജീവിതം. ആദ്യം നോവലായും പിന്നെ സിനിമയായും മലയാളി ജീവിതങ്ങളെ ഞെട്ടിച്ച ആ ജീവിതത്തിന്റെ ഉടമ. ഇന്ന് അദ്ദേഹത്തെ വീട്ടിലെത്തി കണ്ടു. സിനിമയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. ഓരോ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും നജീബ് പലവട്ടം കണ്ണു തുടച്ചു. കണ്ഠമിടറി. കാരണം അയാള്‍ പറയുന്ന ഓരോ വാക്കും അയാളുടെ ജീവിതമാണ്. കെട്ടുകഥകളെ പോലും തോല്‍പിച്ചു കളയുന്ന ജീവിതം. ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ നജീബിനെ വായിച്ചെടുത്തവരൊക്കെയും സ്വന്തം ജീവിതത്തോടു നന്ദി പറഞ്ഞിട്ടുണ്ടാകണം. അതെന്തുകൊണ്ടാണെന്നത് എനിക്കുമിന്നു മനസിലാകുന്നുണ്ട്.

പക്ഷേ ഒരു കാര്യം ബോധ്യപ്പെടാതെ വയ്യ. നജീബ് ദൈന്യമാര്‍ന്ന ജീവിതത്തിന്റെ പ്രതീകം മാത്രമല്ല. മറിച്ച് അവസാനിക്കാത്ത പ്രതീക്ഷയുടെ മരുപ്പച്ചകളാണ്. അതിജീവിക്കും എന്നതിന്റെ ഉറച്ച വിശ്വാസമാണ്. പ്രിയ നജീബ് താങ്കള്‍ ഞങ്ങള്‍ക്ക് അവസാനിക്കാത്ത ഒരു പാഠപുസ്തകമാണ്.

നജീബിനെ കണ്ടിറങ്ങുമ്പോള്‍ ആംഗലേയ കവി ഷെല്ലിയുടെ വരികളോര്‍ത്തു. ‘If winter comes, can spring be far behind?’ മലയാളത്തില്‍ പ്രിയ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അതിനെ മറ്റൊരു തരത്തില്‍ മൊഴിമാറ്റിയിട്ടുണ്ട്. ‘കത്തിയെരിയുമീ ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടായിരിക്കാം..’

ഇന്ന് ഇന്ത്യ കടന്നു പോകുന്ന, കേരളം കടന്നു പോകുന്ന ഈ ദുരിതകാലങ്ങള്‍ക്കപ്പുറം പ്രതീക്ഷകളുടെ അവസാനിക്കാത്ത വസന്തം കാത്തിരിപ്പുണ്ട്. ആ പ്രതീക്ഷകള്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ.

രമേശ് ചെന്നിത്തല.