രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ന്യൂഡൽഹി: മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി എക്സിലൂടെ അറിയിച്ചു.

രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രം​ഗത്തെത്തുന്നത്. കേസിൽ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനകൾ.

നിലവിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ചാണ് ഇയാൾ കടയ്‌ക്കുള്ളിലേക്ക് എത്തിയത്. അയാൾ ഒമ്പത് മിനിറ്റോളം കഫേയിൽ ചെലവഴിച്ചുവെന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന.

മാർച്ച് 1ന് ഉച്ചയോടെയാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുൾപ്പെടെ പത്ത് പേർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ ഉപേക്ഷിച്ച ബാ​ഗിലായിരുന്നു സ്ഫോടക വസ്തു ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide