
ബംഗളൂരു: ബെംഗളൂരുവിനെ നടുക്കി പ്രശസ്തമായ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയ്ക്ക് കൈമാറി. തിങ്കളാഴ്ച എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കും.
ബംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റ സ്‌ഫോടനത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റവര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരുടെ ചികില്‍സ സംസ്ഥാനം ഏറ്റെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഫേയിലെത്തിയ ഒരാള്‍ ഉപേക്ഷിച്ചുപോയ ബാഗിലായിരുന്നു സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. ഈ ബാഗുമായി എത്തുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് പ്രതിക്ക് 28 നും 30 നും ഇടയില്‍ പ്രായമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്ത് കഫേയില്‍ വന്ന് റവ ഇഡ്ഡലിക്കുള്ള കൂപ്പണ്‍ വാങ്ങിയെങ്കിലും ഇഡ്ഡലി കഴിക്കാതെ കഫേയില്‍ നിന്ന് ഇയാള്‍ ഇറങ്ങുകയും കൈവശമുണ്ടായിരുന്ന ബാഗ് കടയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. മുഖംമൂടിയും തൊപ്പിയും കൊണ്ട് മുഖം മറച്ചിരിക്കുന്ന ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.