
തിരുവനന്തപുരം : മെഷീനിലെ സര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുങ്ങി. ഇതോടെ കടയിലെത്തിയവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ നിരാശയോടെ മടങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് തകരാര്‍ സംഭവിച്ചത്. ഈ മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി ഉണ്ടായത്.
അതേസമയം, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറ് വരെ നീട്ടിയിട്ടുണ്ടെന്നും സെര്‍വര്‍ തകരാര്‍ പരിഹരിക്കുകയാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മാര്‍ച്ചിലെ റേഷന്‍ അരി കടകളിലെത്തിയത്. പെസഹാ വ്യാഴവും ദുഖവെള്ളിയും അവധിയായതിനാല്‍ ഇന്ന് റേഷന്‍കട തുറന്നുപ്രവര്‍ത്തിക്കുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഇതിനിടെ സര്‍വര്‍ തകരാറിലായത് റേഷന്‍ കട ഉടമകളേയും ജനങ്ങളെയും വെട്ടിലാക്കുകയായിരുന്നു.