
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കാണാതായി. സംഭവത്തിൽ പൊലീസ് എലിയെയാണ് പഴി ചാരുന്നത്. പോലീസ് ഇക്കാര്യം ജില്ലയിലെ കോടതിയെ അറിയിച്ചതായി കേസുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകൻ പറഞ്ഞു.
ഒരു കേസിൽ പിടികൂടിയ കഞ്ചാവും ഭാംഗും കാണാതായതോടെ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പൊലീസിന്റെ വിചിത്ര വാദം. ആറ് വർഷം മുമ്പ് പിടിച്ചെടുത്തതാണ് കഞ്ചാവും ഭാംഗും. കഴിഞ്ഞ ദിവസം ഇത് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച മയക്കുമരുന്നുകൾ പൂർണമായും എലി നശിപ്പിച്ചുവെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2018 ഡിസംബർ 14നാണ് രാജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ വച്ച് കഞ്ചാവും ഭാംഗും പിടികൂടിയത്. അന്ന് ശംഭു പ്രസാദ് അഗര്‍ വാൾ എന്നയാളെയും മകനെയും പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇവർക്കെതിരെ പൊലീസിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ വാദത്തിനിടെയാണ് തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. പ്രതികളെ വ്യാജ കേസിൽ പെടുത്തിയതാണെന്നാണ് പൊലീസിന് തെളിവ് സമർപ്പിക്കാനാകാത്തതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പ്രതിഭാഗം ആരോപിച്ചു.















