ആര്‍ബിഐ കസ്റ്റമര്‍ കെയറിന് ബോംബ് ഭീഷണി, ‘ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് അവകാശവാദം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ബോംബ് ഭീഷണി. വിളിച്ചയാള്‍ ‘ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് അവകാശപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. രാവിലെ 11 മണിയോടെയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് കോള്‍ വന്നതെന്നും ആര്‍ബിഐ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ‘ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ’ താനാണെന്നും ഭീഷണി മുഴക്കുന്നതിന് മുമ്പ് ഫോണിലൂടെ ഒരു ഗാനം ആലപിച്ചതായും വിവരമുണ്ട്.

മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായ 2008ലെ മുംബൈ ആക്രമണം നടത്തിയത് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരസംഘടനയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറുകണക്കിന് വിമാനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സിനിമാ താരങ്ങള്‍ക്കുമടക്കം വ്യാജ ഭീഷണികള്‍ എത്തുന്നത് പതിവായിരിക്കുകയാണ്. ഇത് വ്യോമയാന വിഭാഗത്തെയും സുരക്ഷാ ഏജന്‍സികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം വളരെ ഉത്കണ്ഠയോടെ ഏറ്റെടുക്കുകയും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത്തരം ബോംബ് തട്ടിപ്പുകള്‍ പൗരന്മാരെ ബാധിക്കുക മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide