അരനൂറ്റാണ്ടിന്‌ ശേഷം കവി പാബ്ലോ നെരൂദയുടെ മരണം ചിലി അന്വേഷിക്കുന്നു

വിഖ്യാതനായ ലോക കവി പാബ്ലോ നെരൂദയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ചിലി തീരുമാനിച്ചു. കവി മരിച്ചിട്ട് അരനൂറ്റാണ്ടിനു ശേഷമാണ് പുനരന്വേഷണത്തിന് ഉത്തരവ്. ചിലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നെരൂദയെ വിഷം നൽകി കൊന്നതാണെന്ന സംശയങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. . നെരൂദ കാൻസർ മൂലം മരിച്ചെന്നാണ് ലോകത്തോട് അറിയിച്ചിരുന്നത്. എന്നാൽ അന്നു മുതൽ അദ്ദേഹത്തിന്റെ ആരാധകർ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ചിലിയിൽ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ജനറൽ അഗസ്റ്റോ പിനോഷെയാണ് നെരൂദയുടെ മരണത്തിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ആരോപണത്തെ സാധൂകരിക്കുന്ന ശക്തമായ തെളിവുകളൊന്നും പുറത്ത് വന്നിരുന്നില്ല.

മരണ കാരണം ക്യാൻസർ അല്ല എന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നു എന്നും പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ വ്യക്തമായിരുന്നു. നെരൂദയുടെ ശരീരത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നെന്നാണ് ഡെന്മാർക്കിലെയും ക്യാനഡയിലെയും ലാബിൽ നിന്ന് വന്ന ഫലം പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി നെരൂദയുടെ മരുമകൻ റോഡോൾഫോ റേയ്സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഡിസംബറിൽ പുനരന്വേഷണം നിരസിച്ചിരുന്നു.

എന്നാൽ നെരൂദയുടെ മരുമകൻ ആവശ്യപ്പെട്ട അന്വേഷണങ്ങള്‍ നടത്തണമെന്ന്‌ കോടതി ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു. അതിൽ കാലിഗ്രാഫിക് പരിശോധനയും ഉൾപ്പെടും. ഈ പരിശോധനകൾക്കു ശേഷം നെരൂദയുടെ ശരീരത്തിലുള്ള വിഷാംശ പദാർത്ഥമായ ക്ലോസ്ട്രീഡിയം ബോട്ടുലിനത്തെകുറിച്ച് ഒരു വിദഗ്ധ അഭിപ്രായവും തേടണമെന്ന് കോടതി ആവശ്യപ്പെട്ടു.

തന്റെ പ്രണയ കവിതകളിലൂടെയാണ് ലോകത്തെമ്പാടുമുള്ള വായനക്കാരിലേക്ക് നെരൂദ കടന്നു കയറിയത്. 1971ൽ സാഹിത്യത്തിൽ നോബേൽ സമ്മാനവും ലഭിച്ചു. ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്ലെൻഡെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അല്ലെൻഡെ സർക്കാരിനെ പട്ടാളം അട്ടിമറിച്ചതും ജനറൽ അഗസ്റ്റോ പിനോഷെഅധികാരത്തിൽ വന്നതും ചിലിയെ പൂർണമായും തകിടംമറിച്ചു. അലെൻഡെ തടവിലാക്കപ്പെടുകയും പിന്നീട് കൊലചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നിരവധിപേർ കൊലചെയ്യപ്പെട്ടു. നിലവിലെ സ്ഥിതി പരിഗണിച്ച് നെരൂദ മെക്സിക്കോയിലേക്ക് ഒളിവിൽ പോകാമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം ഒളിവിൽ പോകാൻ കരുതിയിരുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം 1973 സെപ്തംബര് 23 ന് അദ്ദേഹത്തെ ആംബുലൻസിൽ സാന്റിയാഗോയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിച്ചു.

Re investigation on the death of Pablo Neruda’s death

More Stories from this section

dental-431-x-127
witywide