അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹഫീസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് സിറിയയില്‍ വിമത മുന്നേറ്റം

ന്യൂഡല്‍ഹി: സിറിയയില്‍ ഭരണം മാറിയതോടെ ഡമാസ്‌കസിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വിമത മുന്നേറ്റത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ വിമത പോരാളികളെ സ്വാഗതം ചെയ്ത പ്രതിഷേധക്കാര്‍ ആഹ്ലാദം പങ്കിടുന്നു. അതിന്റെ ഭാഗമായി തലസ്ഥാനത്തും പരിസരത്തുമുള്ള അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹഫീസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1970-ല്‍ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഹഫീസ് അല്‍ അസാദ് ആദ്യം പ്രധാനമന്ത്രിയും തുടര്‍ന്ന് 2000ല്‍ മരിക്കുന്നതുവരെ സിറിയയുടെ പ്രസിഡന്റുമായി തുടര്‍ന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം, സ്വേച്ഛാധിപത്യമാണെങ്കിലും, മിഡില്‍ ഈസ്റ്റില്‍ സിറിയയ്ക്ക് സ്ഥിരതയുടെ ഒരു യുഗം നല്‍കുകയും അതിനെ ഒരു പ്രധാന ശക്തിയായി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ ബാഷര്‍ അല്‍ അസദ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. രണ്ട് പതിറ്റാണ്ടിലേറെ സിറിയ ഭരിച്ചു. ഒടുവിലാണ് ഈ സായുധ കലാപം അദ്ദേഹത്തിന്റെ ഭരണത്തെ അട്ടിമറിച്ചത്.

പ്രതിമകള്‍ തകര്‍ക്കുകയും തല റോഡിലൂടെ ഒരു വാഹനം കെട്ടി വലിച്ചിഴയ്ക്കുന്നതും ഒരു വീഡിയോയില്‍ കാണാം. ലോകമെമ്പാടുമുള്ള ഭരണമാറ്റങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് ഇത്തരത്തില്‍ നേതാക്കളുടെ പ്രതിമകള്‍ നശിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍, രാജ്യത്തിന്റെ ആദ്യ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide