
ഫിലഡൽഫിയ: സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലഡൽഫിയയില്‍ നടക്കുന്ന സിറോമലബാര്‍ കുടുംബസംഗമത്തിന്‍റെ റജിസ്ട്രേഷന്‍ കിക്ക് ഓഫ് സൗത്ത് ജേഴ്സി, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലെ സിറോ മലബാര്‍ ദേവാലയങ്ങളില്‍ നടന്നു.
ബാള്‍ട്ടിമോര്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയുയര്‍ത്തിയതിനെതുടര്‍ന്ന് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ കൈക്കാരന്മാരായ ബാബു തോമസ്, ജോഷി വടക്കന്‍, സേവ്യര്‍ കൊനതപ്പള്ളി, ആല്‍വിന്‍ ജോയി, കോര്‍ഡിനേറ്റര്‍ ബെറ്റിന ഷാജു, ഫാമിലി കോണ്‍ഫറന്‍സ് ഫിലഡൽഫിയ ടീമംഗങ്ങളായ ജോജോ കോട്ടൂര്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ്, വിശ്വാസിസമൂഹം എന്നിവരുടെ സാന്നിധ്യത്തില്‍ വികാരി ഫാ. റോബിന്‍ ചാക്കോ ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.
സൗത്ത് ജേഴ്സി സെന്‍റ് ജൂഡ് സിറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ഹ്രസ്വമായ കിക്ക് ഓഫ് ചടങ്ങില്‍ ജോണി മണവാളന്‍, റോബി സേവ്യര്‍, കൈക്കാരന്‍ ജയ്സണ്‍ കാലിയങ്കര എന്നിവരില്‍നിന്നും റജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് വികാരി ഫാ. വിന്‍സന്‍റ് പങ്ങോല നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു സി.പി.എ., ജനറല്‍ സെക്രട്ടറി ജോസ് മാളേയ്ക്കല്‍, റജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, റ്റിറ്റി ചെമ്പ്ളായില്‍, ത്രേസ്യാമ്മ മാത്യൂസ്, റീജനല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജയിംസ് എന്നിവരും സംബന്ധിച്ചു. ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു തന്‍റെ പ്രസംഗത്തില്‍ ഇടവകയിലെ എല്ലാ വിശ്വാസികളെയും കുടുംബമേളയിലേക്കു സ്വാഗതം ചെയ്തു.
മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ വിശുദ്ധ കുർബാന, യുവജനസമ്മേളനം, മിസ് സിറോ മലബാര്‍ മത്സരം, ലിറ്റര്‍ജിക്കല്‍ ക്വയര്‍ ഫെസ്റ്റ്, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പൈതൃകഘോഷയാത്ര, ബൈബിള്‍ സ്കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍/ചര്‍ച്ചാസമ്മേളനങ്ങള്‍, വിവാഹജീവിതത്തിന്‍റെ 25/50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്‍റ്, ഫിലഡൽഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണ് റജിസ്ട്രേഷന്‍ ഫീസ്. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതിനും സംഘാടകര്‍ ശ്രമിക്കുന്നു. കോണ്‍ഫറന്‍സിനു റജിസ്റ്റര്‍ ചെയ്യുന്നതിനു ഓണ്‍ലൈന്‍ വഴിയുള്ള റജിസ്ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റില്‍ ലഭ്യമാണ്.
വെബ്സൈറ്റ്: www.smccjubilee.org
ചിക്കാഗോ മാര്‍ത്തോമ്മാ ശ്ലീഹാ കത്തീഡ്രല്‍, സോമര്‍സെറ്റ് സെന്‍റ് തോമസ്, ന്യൂയോര്‍ക്ക്/ബ്രോങ്ക്സ് സെന്‍റ് തോമസ് ദേവാലയങ്ങളില്‍ ഇതിനോടകം നടന്ന കിക്ക് ഓഫുകളില്‍ ധാരാളം കുടുംബങ്ങള്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് വെബ്സൈറ്റുവഴി റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വെബ്സൈറ്റുവഴി റജിസ്റ്റര്‍ ചെയ്തശേഷം റജിസ്ട്രേഷന്‍ ഫീസ് വെബ്സൈറ്റില്‍ പറയുംപ്രകാരം ഓണ്‍ലൈന്‍ മുഖേനയോ, smcc Philadelphia എന്നപേരില്‍ ചെക്കായും അയക്കാവുന്നതാണ്. റജിസ്ട്രേഷനുള്ള അവസാനതീയതി ഓഗസ്റ്റ് 31.