ട്രെയിനിൽ നിന്നു വീണ് ഗർഭിണി മരിച്ചു, അപായച്ചങ്ങല വലിച്ചി‌ട്ടും ട്രെയിൻ നിന്നില്ല

ചെന്നൈ: എഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽനിന്ന് ഗർഭിണി ട്രെയിനിൽ വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. കുടുംബ ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു ‌യാത്ര ചെയ്യവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രെയിനിന്റെ അപായ ചങ്ങല വലിച്ചിട്ടും പ്രവർത്തിച്ചില്ലെന്ന് സഹയാത്രക്കാർ ആരോപിച്ചു. ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഛർദിക്കാനായി കംപാർട്മെന്റിലെ വാഷ്‌ബേസിന് സമീപം നിൽക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ബന്ധുക്കൾ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കംപാർട്മെന്റിൽ പോയി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. അപ്പോഴേക്കും ട്രെയിൻ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്ന് കുടുംബം റെയിൽവെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചെ പൂവനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 9 മാസം മുൻപായിരുന്നു കസ്തൂരിയുടെ വിവാഹം.

Pregnant woman dies after fell from Train