
തൃശൂര്‍: നിക്ഷേപ തട്ടിപ്പിനിരയായതിനു പിന്നാലെ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തെഴുതുകയും ചെയ്ത ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നല്‍കി. ബാക്കിയുള്ള 60 ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നല്‍കി. കൃത്യമായ തീയതി പിന്നീട് അറിയിക്കും.
നിക്ഷേപിച്ച മുഴുവന്‍ തുകയും തനിക്കു നല്‍കണമെന്നു ആവശ്യപ്പെട്ടാണ് മാപ്രാണം സ്വദേശി വടക്കേത്തല ജോഷി ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചത്. നിക്ഷേപിച്ച മുഴുവന്‍ തുകയും നഷ്ടപ്പെട്ടതിനു പിന്നാലെ തനിക്ക് ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജോഷി ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. 28 ലക്ഷം കിട്ടിയതിനു പിന്നാലെ ജോഷി കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.















