
ചിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍ത്തോമ്മാ ശ്ലീഹ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നെപ്പര്‍ വില്ലയിലുള്ള യെല്ലോ ബോക്‌സില്‍ വെച്ച് ഏപ്രില്‍ 21 ഞായറാഴ്ച വൈകുന്നേരം 5.30നാണ് ഈ കലാവിരുന്ന് നടത്തപ്പെടുന്നത്. ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതോടകം വിറ്റു തീർന്നു.
മലയാളത്തിന്റ പ്രിയഗായകന്‍ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേര്‍ന്ന് നയിക്കുന്ന സ്വരരാഗങ്ങള്‍ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗീത പ്രേമികള്‍ക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ആണ് നിര്‍വഹിച്ചത്. പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ അലക്‌സ് മരുവിത്ത ദമ്പതികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കത്തിഡ്രൽ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേൽനോട്ടത്തിൽ ബിജി സി. മാണി കോർഡിനേറ്ററും, രൺജിത്ത് ചെറുവള്ളി കോ. കോർഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതിക്ക് കരുത്തായി കത്തീഡ്രൽ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കഴിഞ്ഞ രണ്ടു മാസമായി സംഗീതോത്സവത്തിന്റെ വിജയത്തിനായി അഹോരാത്രം അധ്വാനിക്കുന്നു. ഇതുവരെയുള്ള ഒരുക്കങ്ങളിൽ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ സംതൃപ്തി രേഖപ്പെടുത്തി.