
ദില്ലി: കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊരാളും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി ജെ പിയില്‍ ചേരുമെന്ന് അഭ്യൂഹം ശക്തം. കമൽനാഥ് കോണ്‍ഗ്രസ് വിടുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യിതിരിക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷത തിരിച്ചടി മുതൽ ഹൈക്കമാൻഡുമായി വലിയ യോജിപ്പിലായിരുന്നില്ല കമൽനാഥ്. പി സി സി അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് കമൽനാഥ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സർക്കാർ വിരുദ്ധ തരംഗം പ്രതീക്ഷിച്ച തെരഞ്ഞെടുപ്പിൽ ബി ജെ പി ചരിത്ര വിജയമാണ് നേടിയത്. ഇതോടെ കമൽനാഥും ഹൈക്കമാൻഡും അകൽച്ചയിലായി.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വം എ ഐ സി സി അഴിച്ചുപണി നടത്തി. മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ കമൽനാഥിനെ പ്രതിപക്ഷ നേതാവുമാക്കിയില്ല. ഇതോടെ സംസ്ഥാന കോൺഗ്രസിലെ അപ്രമാദിത്വം നഷ്ടമായ കമല്‍നാഥ്, രാജ്യസഭയിലെത്താനുള്ളു നീക്കമാണ് പിന്നീട് നടത്തിയത്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കമല്‍നാഥ്, സോണിയ ഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എം എൽ എ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നാണ് വിവരം. രാജ്യസഭാ അംഗമായി ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ചുവടുറപ്പിക്കാനുള്ള നീക്കവുമുണ്ടെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ കമൽനാഥിന്‍റെ ഈ മോഹം ഹൈക്കമാൻഡ് മുളയിലെ നുള്ളിക്കളഞ്ഞെന്നാണ് വ്യക്തമാകുന്നത്. രാജ്യസഭാ സീറ്റ് ആവശ്യം കോൺഗ്രസ് തളളിയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് കമൽനാഥ് ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായത്.
നിരവധി വാഗ്ദാനങ്ങളാണ് ബി ജെ പി ദേശീയ നേതൃത്വം കമൽനാഥിന് മുന്നിൽ വച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കമൽനാഥിനും മകനും രാജ്യസഭാ സീറ്റടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കമല്‍നാഥിനൊപ്പം മകൻ നകുൽ നാഥ്, രാജ്യസഭാ എം പിയായ വിവേക് തൻഖ എന്നിവരും ബി ജെ പിയില്‍ ചേരുമെന്നാണ് വിവരം. മാർച്ച് 3 ന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോൾ കമൽനാഥിനെയും അനുയായികളെയും മറുകണ്ടം ചാടിക്കാനാണ് ബി ജെ പി നീക്കം
അതേസമയം കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്. സമാനമായ രീതിയിൽ കമൽ നാഥ് ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോർട്ടുകള്‍ നേരത്തെയും വന്നിരുന്നുവെങ്കിലും അതെല്ലാം വെറുതേയായി. എന്നാൽ പുതിയ റിപ്പോർട്ടുകളോട് കമൽനാഥ് പ്രതികരിച്ചിട്ടില്ല.
Report says Congress leder Kamal Nath likely to join BJP