
വാഷിങ്ടൺ: ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിനുള്ള ബിൽ പാസാക്കി റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യുഎസ് ജനപ്രതിനിധി സഭ. ആയുധങ്ങൾ നൽകുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്.
ഇസ്രായേൽ സെക്യൂരിറ്റി അസിസ്റ്റൻസ് സപ്പോർട്ട് ആക്ടാണ് ജനപ്രതിനിധി സഭ പാസാക്കിയത്. 224 പേർ ആക്ടിനെ അനുകൂലിച്ചപ്പോൾ 184 പേർ എതിർത്തു. 16 ഡെമോക്രാറ്റുകൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇതിനെ എതിർക്കുകയും ചെയ്തു.
അതേസമയം, ബിൽ നിയമമാവാനുള്ള സാധ്യതകൾ വിരളമാണെന്നാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.
ആയുധവിതരണം വെകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ ജനപ്രതിനിധിസഭയിൽ വിമർശനമുയർന്നു. നേരത്തെ ഇസ്രായേലിനുള്ള ആയുധവിതരണം യുഎസ് വൈകിപ്പിച്ചിരുന്നു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.














