
ന്യൂഡൽഹി: നീറ്റ് യുജി ക്രമക്കേടിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞു. വലിയ തോതിൽ ചോർച്ച നടന്നിട്ടില്ലെങ്കിൽ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്നും ചോർച്ച നടന്ന സ്ഥലത്ത് മാത്രമേ വീണ്ടും പരീക്ഷയ്ക്ക് ഉത്തരവിടേണ്ടതുള്ളുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിലെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും ലഭ്യമാക്കാൻ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളോടു കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഹർജികൾ വ്യാഴാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട കോടതി ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് ചോദ്യപേപ്പർ ചോര്‍ന്നതെങ്കില്‍ വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയില്ലേന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കില്‍ പുനഃപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ അതു ബാധിക്കും. ഒരു പരീക്ഷയില്‍ ഒന്നോ രണ്ടോ പേര്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിച്ചേക്കാം. എന്നാല്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുകയെന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.