വിരമിക്കല്‍ നേരത്തെയായോ?തീരുമാനത്തില്‍ നിന്നും ഫോഗട്ട് പിന്മാറുമോ, സൂചന നല്‍കി വൈകാരിക പോസ്റ്റ്

ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ പരാജയപ്പെട്ട് ഒളിമ്പിക്‌സില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്, തന്റെ നേരത്തെയുള്ള വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നു. പാരീസ് ഒളിമ്പിക്സില്‍ സംയുക്ത വെള്ളി മെഡലിനായുള്ള ഫോഗട്ടിന്റെ അപേക്ഷ ലോക കായിക കോടതി നിരസിച്ചതിന് രണ്ട് ദിവസത്തിന് ശേഷം എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ചില സൂചനകള്‍ ഫോഗട്ട് നല്‍കിയത്.

2032 വരെ ഗോദയില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുന്ന കത്താണ് എക്‌സിലൂടെ ഫോഗട്ട് പങ്കുവെച്ചത്. ജീവിതത്തില്‍ ഇതുവരെ കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞും പരിശീലകരുള്‍പ്പെടെയുളളവര്‍ക്ക് നന്ദിയും പ്രകടിപ്പിച്ചും വലിയ ഒരു കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാന്‍ പലരും കൂടെനിന്നതുമടക്കം ഓര്‍മിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തി. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഊര്‍ജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതെന്നും വിനേഷ് കുറിക്കുന്നു. മാത്രമല്ല, തന്റെ സംഘത്തിന്റെ ഭാഗമായ നിരവധി പേര്‍ക്കും ഫോഗട്ട് നന്ദി പറയുന്നുണ്ട്.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പരാമര്‍ശിച്ച് താന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ത്രിവര്‍ണ്ണപതാകയുടെ വിശുദ്ധി തനിക്ക് കാത്തുസൂക്ഷിക്കേണ്ടിയിരുന്നെന്നും കുറിച്ചു. രാജ്യത്തിന്റെ കൊടി പാരീസില്‍ പാറിക്കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്റെ വിധി മറ്റൊന്നായിരുന്നുവെന്ന് പറഞ്ഞ അവര്‍ ഒരിക്കലും തളരില്ലെന്നും ഇനിയും ശരിയ്ക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.