
കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര കഴിഞ്ഞ ദിവസം എത്തിയിരുന്നു. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണെന്ന് സുചിത്ര ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.
വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്ന വെളിപ്പെടുത്തലായിരുന്നു ഇത്. ഇതിനെതിരെ റിമ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ സുചിത്രയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ നിയമ നടപടി സ്വീകരിച്ചുവെന്നും റിമ കല്ലിങ്കല്‍ വെളിപ്പെടുത്തി.
സംഭവത്തില്‍ ഞാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമര്‍പ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തുവെന്നും ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചു.
റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണെന്നും പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണെന്നും സുചിത്ര പറഞ്ഞിരുന്നു. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
റിമയുടെ വാക്കുകള്‍
‘വര്‍ഷങ്ങളായി നിങ്ങളില്‍ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോള്‍ ഇത് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കണ്ടു.
30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തില്‍ അവര്‍ ചില പേരുകള്‍ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ല്‍ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവര്‍ക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഉള്‍പ്പെടുന്ന നടന്മാരുടെ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നും അവര്‍ പരാമര്‍ശിച്ചു കണ്ടു.
ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍, അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു.