‘അസഹനീയ സാഹചര്യം’: വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഋഷി സുനക്

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്.

സന്നദ്ധ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ താന്‍ പരിഭ്രാന്തനാണെന്ന് സുനക് നെതന്യാഹുവിനോട് പറഞ്ഞതായാണ് വിവരം. മാത്രമല്ല, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് സമഗ്രവും സുതാര്യവുമായ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ സ്ഥിതിഗതികള്‍ അസഹനീയമായിക്കൊണ്ടിരിക്കുകയാണെന്നും ‘മാനുഷിക സഹായത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുനക് നെതന്യാഹുവിനോട് പറഞ്ഞു.

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സന്നദ്ധ പ്രവര്‍ത്തകരായ മൂന്ന് ബ്രിട്ടീഷുകാരെയും മറ്റ് നാല് ജീവനക്കാരെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു.

യുഎസ് ആസ്ഥാനമായുള്ള വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ ചാരിറ്റിയുടെ ഏഴ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനിടെയാണ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ സമ്മതിക്കുകയും യുദ്ധത്തിനിടയില്‍ സംഭവിച്ചുപോയതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide