
ഒട്ടാവ: 2019ല്‍ രാജ്യത്തെ ആല്‍ബര്‍ട്ട പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ ശിക്ഷിക്കപ്പെട്ട 26 കാരനായ ഇന്ത്യക്കാരനെ കാനഡയില്‍ നിന്ന് നാടുകടത്തി.
2016-ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയ ബിപിന്‍ജോത് ഗില്‍, നാടുകടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കോടതി വിധി എതിരായിരുന്നു. ഇതേത്തുടര്‍ന്ന് ബിപിന്‍ ജനുവരി 15 ന് രാജ്യം വിട്ടതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മെയ് 18 ന് അമിത വേഗത്തില്‍ വാഹനമോടിക്കുകയും രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കുകയുമായിരുന്നു. അപകടത്തില്‍ എതിര്‍ വാഹനത്തിലുണ്ടായിരുന്ന ഉസ്മ അഫ്സല്‍ (31), അമ്മ ബില്‍ക്കീസ് ബീഗം (65) എന്നിവര്‍ കൊല്ലപ്പെട്ടു. മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് സ്വദേശിയായ ബിപിന്‍ജോത് ഗില്ലിനെതിരായ കുറ്റത്തിന് 2022 സെപ്റ്റംബര്‍ 6-ന് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2023 ഏപ്രിലില്‍ ഇരട്ടമരണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിപിന്‍ജ്യോത് നവംബറില്‍ വീട്ടുതടങ്കലിനും 300 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനത്തിനും ഒരു വര്‍ഷത്തെ പ്രൊബേഷനും ശിക്ഷിക്കപ്പെട്ടു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ദോഷം നേരിടേണ്ടിവരുമെന്ന ബിപിന്‍ജോത് ഗില്ലിന്റെ വാദങ്ങള്‍ ജനുവരി 12-ന് ജഡ്ജി ഷിര്‍സാദ് അഹമ്മദ് തള്ളിക്കളഞ്ഞിരുന്നു.
ബിപിന്‍ജോത് ഗില്‍ കാല്‍ഗറിയിലെ ബോ വാലി കോളേജില്‍ നിന്ന് രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയിരുന്നു. യുവാവിന്റെ മാതാപിതാക്കളും സഹോദരനും താല്‍ക്കാലിക വിസയില്‍ കാനഡയിലാണെന്നും അമ്മാവനും മുത്തശ്ശിമാരും കനേഡിയന്‍ പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.













