ജോഷിയുടെ വീട് മാത്രമായിരുന്നില്ല ലക്ഷ്യം; മോഷ്ടിച്ച പണംകൊണ്ട് പാവങ്ങളെ സഹായിക്കുന്ന ‘ബീഹാര്‍ റോബിന്‍ഹുഡ്’ ചില്ലറക്കാരനല്ല

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി കടന്നുകളഞ്ഞ വിരുതന്‍ വലയിലായതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദെന്ന പെരും കള്ളന്‍ ബീഹാറില്‍ പാവങ്ങളുടെ അത്താണിയാണ്. മോഷ്ടിച്ച പണംകൊണ്ട് പാവങ്ങളെ സഹായിക്കുന്ന ഇയാള്‍ ബീഹാര്‍ റോബിന്‍ഹുഡ് എന്നാണ് അറിയപ്പെടുന്നത് തന്നെ.

ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി കര്‍ണാടകയിലേക്ക് കടന്ന 35 കാരനായ ഇര്‍ഫാനെ ഉഡുപ്പിയില്‍ നിന്ന് കര്‍ണാടക പൊലീസായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. കവര്‍ച്ച നടത്തിയ സ്വര്‍ണ- വജ്രാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇയാളെ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെങ്ങും വന്‍നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണമുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പണിതു നല്‍കിയ ഇയാള്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനായും പണം ചിലവഴിക്കാറുണ്ട്.

ബിഹാറിലെ ‘സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്’ എന്ന ബോര്‍ഡാണ് പ്രതിയുടെ കാറില്‍ ഉണ്ടായിരുന്നത്. ഇയാളുടെ ഭാര്യ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെന്നാണ് വിവരം. കാറില്‍ ഇത്തരമൊരു ബോര്‍ഡ് ഉള്ളതുകൊണ്ടുതന്നെ അതിര്‍ത്തിയിലെ പരിശോധനകളെ മറികടക്കാന്‍ പ്രതിക്ക് കഴിഞ്ഞിരുന്നു.

കൊച്ചിയില്‍ എത്തുംമുമ്പ് സമ്പന്നര്‍ താമസിക്കുന്ന ഇടവും മറ്റ് വിവരങ്ങളുമെല്ലാം ഇര്‍ഫാന്‍ ഗൂഗിളില്‍ തിരഞ്ഞ് മനസിലാക്കിയിരുന്നു. അത് മോഷണം കൂടുതല്‍ എളുപ്പമാക്കി.

ആഡംബര കാറുകളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്നതിനിടെ മുമ്പ് പൂനെയില്‍ വെച്ച് ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. മോഷണകഥ പ്രമേയമാക്കി ഇറങ്ങുന്ന റോബിന്‍ഹുഡ് സിനിമകളില്‍ താത്പര്യം തോന്നുകയും പിന്നീട് ഇയാള്‍ സ്വയമൊരു റോബിന്‍ഹുഡ് ആയി മാറുകയുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിനടുത്ത് മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.

റോബിന്‍ഹുഡ് എന്ന പേരില്‍ കള്ളന്റെ കഥ പറയുന്ന ഒരു ചിത്രം ഒരുക്കിയ ജോഷിക്കുപോലും വമ്പന്‍ ട്വിസ്റ്റ് നല്‍കിയാണ് ഒരു ‘റോബിന്‍ഹുഡെ’ത്തി വീട്ടില്‍ മോഷണം നടത്തി ഒരു കോടിയിലധികം സമ്പാദ്യവുമായി കടന്നുകളഞ്ഞത്. അതേസമയം, ജോഷിയുടെ വീട് മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യം, പനമ്പിള്ളി നഗറിലെ മറ്റ് മൂന്നു വീടുകളിലും ഇയാള്‍ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide