
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠി സീറ്റിൽ കോൺഗ്രസിനു വേണ്ടി ആരുമത്സരിക്കും എന്ന അനിശ്ചിതത്വം തുടരുന്നതിനിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സൂചന നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്‌ര.
അമേഠി ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരിൽ നിന്ന് പിന്തുണ അറിയിച്ച് തനിക്ക് ഫോൺ കോളുകൾ വരുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ റോബർട്ട് വാധ്‌ര പറഞ്ഞു.
“അമേഠിയിൽ നിന്നു മാത്രമല്ല, സജീവ രാഷ്ട്രീയത്തിൽ ചേരാൻ ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ 1999 മുതൽ അവിടെ പ്രചാരണം നടത്തുന്നതിനാൽ തന്നെ അമേഠിക്ക് കുറച്ചുകൂടി പ്രാധാന്യമുണ്ടെന്ന് സമ്മതിക്കുന്നു.”
വർഷങ്ങളായി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അധികാരഭ്രഷ്ടനാക്കുന്നത് വരെ അമേഠി ഗാന്ധി കുടുംബത്തിൻ്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ, 2019 ൽ സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് തിരുത്താനുള്ള സമയമാണിതെന്ന് റോബർട്ട് വാധ്‌ര പറഞ്ഞു.
“പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നത്. സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത തെറ്റ് തിരുത്താൻ വേണ്ടിയാണ് അമേഠിയിൽ എന്നോട് മത്സരിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഞാൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എനിക്കെതിരെ പലതവണ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്മൃതി ഇറാനി,” റോബർട്ട് വാധ്‌ര പറഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.