ന്യൂഡല്‍ഹി: 2016ല്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെര്‍മുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുകയും രോഹിത് ദളിതനായിരുന്നില്ലെന്നും സത്യം പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് ആത്മഹത്യ ചെയ്തതെന്നുമാണ് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെ കുടുംബം രംഗത്തെത്തി. തെലങ്കാന പോലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുമെന്നും തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കീഴ്ക്കോടതിയില്‍ ‘പ്രതിഷേധ ഹര്‍ജി’ ഫയല്‍ ചെയ്യാന്‍ തെലങ്കാന ഹൈക്കോടതി അവസരം നല്‍കിയെന്ന് രോഹിത് വെര്‍മുലയുടെ സഹോദരന്‍ രാജ വെമുല പറഞ്ഞു. രോഹിത് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണോ അല്ലയോ എന്നത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലാ കളക്ടറാണ് പറയേണ്ടതെന്നും അദ്ദേഹം എസ്സി അല്ലെന്ന് പോലീസിന് എങ്ങനെ പറയാന്‍ കഴിയും? എന്നും രാജ ചോദിച്ചു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സ്‌കോളര്‍ ആയിരുന്ന രോഹിത് 2016 ജനുവരി 17 നാണ് ആത്മഹത്യ ചെയ്തത്. ഇത് ദേശീയ രോഷത്തിന് കാരണമായി. ഹൈദരാബാദ് സര്‍വകലാശാല ഫെലോഷിപ്പ് നല്‍കുന്നത് നിര്‍ത്തി ഒരു വര്‍ഷത്തിന് ശേഷമാണ് സംഭവം. ചില എബിവിപിക്കാരുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നായിരുന്നു മരണം. വളരെ പ്രമാദമായ കേസായിരുന്നു . രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ സംബന്ധിച്ച തെളിവുകളൊന്നും ലഭ്യമല്ല, ആരും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയല്ല ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുലയ്ക്ക് അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞാല്‍ അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തരഭയമായിരുന്നുവെന്നും അന്ന് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജാതി തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയക്ക് തയ്യാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നത്തെ സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എന്‍ രാമചന്ദര്‍ റാവു, അന്നത്തെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവു, എബിവിപി നേതാവും വനിതാ ശിശു വികസന മന്ത്രിയുമായ സ്മൃതി ഇറാനി എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് തെലങ്കാന പോലീസ് വെള്ളിയാഴ്ച കേസ് അവസാനിപ്പിച്ചത്.