രണ്ടിൽ കൂടുതൽ കുട്ടികളുള്ള ഉദ്യോഗാർത്ഥിയെ സർക്കാർ ജോലിയിൽ നിന്ന് അയോഗ്യരാക്കുന്നത് ഭരണഘടനാ ലംഘനമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളതിൻ്റെ പേരിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കാനുള്ള രാജസ്ഥാൻ സർക്കാരിൻ്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു.

1989-ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസ് റൂൾസിലെ റൂൾ 24(4) പ്രകാരം, “01.06.2002-നോ അതിനുശേഷമോ രണ്ടിൽ കൂടുതൽ കുട്ടികളുള്ള ഒരു ഉദ്യോഗാർത്ഥിയും സർവ്വീസിലേക്ക് നിയമനത്തിന് യോഗ്യനല്ല” എന്നത് വിവേചനമല്ലെന്നും ഭരണഘടനാ ലംഘനവുമല്ലെന്നും കോടതി പറഞ്ഞു.

“ജീവിച്ചിരിക്കുന്ന രണ്ടിൽ കൂടുതൽ കുട്ടികളുള്ള ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കുന്ന വർഗ്ഗീകരണം വിവേചനരഹിതമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നും ഈ കോടതി വിലയിരുത്തുന്നു. കാരണം വ്യവസ്ഥയ്ക്ക് പിന്നിലെ ലക്ഷ്യം കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു.”, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദീപങ്കർ ദത്ത, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

രാജസ്ഥാനിൽ പോലീസ് കോൺസ്റ്റബിൾ ജോലിക്ക് അപേക്ഷിച്ച മുൻ സൈനികൻ്റെ (പ്രതിരോധ സേവനത്തിൽ നിന്ന് വിരമിച്ച) ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു.