
ന്യൂഡല്‍ഹി: സിഎഎ ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ലെന്നും എന്നാല്‍, ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കപ്പെടുന്നുണ്ടെന്നും പൗരത്വ നിയമത്തിലെ ഭേദഗതിച്ചട്ടങ്ങള്‍ പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
മൂന്ന് രാജ്യങ്ങളിലെ 6 ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പൗരത്വത്തിനും പുനരധിവാസത്തിനുമുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് ഈ നിയമം. അവരുടെ സാംസ്‌കാരികവും ഭാഷാപരവും സാമൂഹികവുമായ ജീവിതത്തെ സംരക്ഷിക്കാനും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍, സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കാനുമാണ് ഈ നിയമം.
ഭരണഘടനയുടെ ആറാംപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട അസമിലെ കര്‍ബി ആങ്ലോങ്, മേഘാലയയിലെ ഗരോ ഹില്‍സ്, മിസോറമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് നിയമത്തില്‍ ഇളവുണ്ട്.
പൗരത്വ നിയമ ഭേദഗതി നടത്തിപ്പിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതികളെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി.
ചട്ടത്തിലെ പ്രധാന വ്യവസ്ഥകള്‍
എല്ലാ അപേക്ഷകളും ഓൺലൈനായി മാത്രമായിരിക്കും കൈകാര്യം ചെയ്യപ്പെടുക.
ഇന്ത്യൻ പൗരനായി റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഫോം 2എ പ്രകാരം അപേക്ഷിക്കണം. ഇന്ത്യന്‍ പൗരരെ വിവാഹം ചെയ്തയാളാണെങ്കില്‍ ഫോം 3 എ പ്രകാരവും ഇന്ത്യന്‍ പൗരരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കില്‍ 4എ പ്രകാരവും അപേക്ഷിക്കണം. ഇന്ത്യന്‍ പൗരന്മാരായ രക്ഷിതാക്കളുടെ മക്കളാണെങ്കില്‍ ഫോം 5എ പ്രകാരവും അപേക്ഷിക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പൗരന്മാരായ രക്ഷിതാക്കളുടെ മക്കളാണെങ്കില്‍ ഫോം 6എ പ്രകാരം അപേക്ഷിക്കണം
ഇന്ത്യന്‍ വംശജരായ വിദേശപൗരന്മാരാണെങ്കില്‍ ഫോം 8എ പ്രകാരം അപേക്ഷിക്കണം
ജില്ലാതല സമിതികള്‍ മുഖേന ഉന്നതാധികാര സമിതി മുമ്പാകെ വേണം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ ജില്ലാതല സമിതി പരിശോധിക്കും. അതിനുശേഷം സൂക്ഷ്മപരിശോധനയ്ക്കായി ഉന്നതാധികാരസമിതിക്ക് കൈമാറണം
സ്വാഭാവിക പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തണം. ഇവര്‍ക്ക് ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ അറിവുണ്ടാകണം.
പരിശോധനാസമിതി മുമ്പാകെ അപേക്ഷകര്‍ നേരിട്ടെത്തി രാജ്യത്തോടുള്ള കൂറ് വ്യക്താക്കുന്ന സത്യവാചകം ചൊല്ലണം. അപേക്ഷയില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് ഉന്നതാധികാരസമിതി ഉറപ്പാക്കണം
പൗരത്വരേഖ നേരിട്ട് കൈപ്പറ്റാനാഗ്രഹിക്കുന്നയാള്‍ അത് ഉന്നതാധികാരസമിതി മുമ്പാകെ നേരിട്ടെത്തി കൈപ്പറ്റണം. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒപ്പുവെച്ചതായിരിക്കും പൌരത്വ സർട്ടിഫിക്കറ്റ്.
അപേക്ഷകര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചുവെന്ന് തെളിയിക്കുന്നതിനായി 20 രേഖകളാണ് സാധുവായി പ്രഖ്യാപിച്ചിട്ടുള്ളത്. സാധുതയുള്ള വിസ, എഫ്ആര്‍ആര്‍ഒ നല്‍കുന്ന റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്, ഇന്ത്യയിലെ സെന്‍സസ് എന്‍യുമറേറ്റര്‍മാര്‍ നല്‍കിയ സ്ലിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാരോ കോടതിയോ നല്‍കിയ ഏതെങ്കിലും കത്ത്, ഇന്ത്യന്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഭൂമി അല്ലെങ്കില്‍ വാടക രേഖകള്‍, രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ എന്നിവ ഉള്‍പ്പെടുന്നു.
പാന്‍ കാര്‍ഡ്, കേന്ദ്രം, സംസ്ഥാനം, പൊതുമേഖലാ സ്ഥാപനം അല്ലെങ്കില്‍ ബാങ്ക് നല്‍കിയ രേഖ, ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമോ അതിലെ ഓഫീസറോ റവന്യൂ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇന്ഷുറന്‌സ് പോളിസി, യൂട്ടിലിറ്റി ബില്ലുകള്‍, കോടതി അല്ലെങ്കില്‍ ട്രൈബ്യൂണല്‍ രേഖകള്‍; ഇപിഎഫ് രേഖകള്‍, സ്‌കൂള്‍ ലീവ് സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റി ട്രേഡ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട രേഖകള്‍.
Rules under CAA released by Home Ministry