ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ശതകോടീശ്വരന്‍ മസ്‌കും തമ്മിലെന്ത്? തലപുകച്ച് സൈബറിടം, ഞങ്ങള്‍ ഡേറ്റിംഗിലല്ലെന്ന് മസ്‌ക്

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയേയും ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെയും ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് സൈബറിടം. ഇരുവരും തമ്മിലെന്താണെന്നു തലപുകച്ച് സൈബറിടം ചര്‍ച്ചകള്‍ കാര്യമായി നടത്തുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ അതിരുവിട്ടപ്പോള്‍ മസ്‌ക് തന്നെ മറുപടിയുമായെത്തി. തങ്ങള്‍ ഡേറ്റിംഗില്‍ അല്ലെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്.

ചൊവ്വാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌കും ജോര്‍ജിയ മെലോണിയും പങ്കെടുത്തിരുന്നു. മസ്‌കിനെത്തന്നെ നോക്കിയിരിക്കുന്ന ജോര്‍ജിയയുടെ ചിത്രം സൈബറിടത്തില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇരുവരും നല്ല ജോഡിയാണെന്നും അന്താരാഷ്ട്ര ജോഡികളാണെന്നും, പ്രണയിതാക്കള്‍ എന്നുമൊക്കെയാണ് ചര്‍ച്ചകള്‍ വരുന്നത്. ‘ജോര്‍ജിയ മെലോണി മസ്‌കിനെ നോക്കുന്നതുപോലെ എന്നെ നോക്കുന്ന ഒരാളെ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നുപോലും കമന്റുകള്‍ വന്നു.

ഇത് ആദ്യമായല്ല ഇന്റര്‍നെറ്റ് ഇരു നേതാക്കളെയും ജോഡിയാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, റോമിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മെലോണിയുടെ ക്ഷണം മസ്‌ക് സ്വീകരിച്ചതിന് പിന്നാലെ ഇരുവരേയും ചേര്‍ത്ത് കഥകള്‍ പുറത്തുവന്നിരുന്നു.

ജോര്‍ജിയ മെലോണിക്ക് അറ്റ്ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് ‘പുറത്ത് ഉള്ളതിനേക്കാള്‍ ഉള്ളില്‍ കൂടുതല്‍ സുന്ദരിയായ’ ഒരാള്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നത് അഭിമാനകരമാണെന്ന് ഒരിക്കല്‍ എലോണ്‍ മസ്‌ക് പറഞ്ഞതും ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

More Stories from this section

family-dental
witywide