ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകില്ല; അഭ്യൂഹങ്ങള്‍ തള്ളി എം.കെ. സ്റ്റാലിന്‍

ചെന്നൈ: തന്റെ മകൻ ഉദയനിധിയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. ഇത്തരം പ്രചാരണങ്ങൾ വെറും അഭ്യൂഹങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കല്‍ ആശംസാ സന്ദേശത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21 ന് സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

തനിക്ക് ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികൾ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയുടെ കാര്യം ഉയർത്തിയത്. എതിരാളികളുടെ ഇത്തരം നീക്കങ്ങളിൽ ജാഗ്രത വേണമെന്ന് സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം താന്‍ ആശങ്കപ്പെടില്ലെന്ന് വെള്ളിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന ആശംസാ സന്ദേശത്തിലും സ്റ്റാലിന്‍ ആവര്‍ത്തിച്ചു. ‘ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാന്‍ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലിചെയ്യുന്നു’, എഴുപതുകാരനായ സ്റ്റാലിൻ വ്യക്തമാക്കി.

തന്റെ ആരോഗ്യത്തെ സംബന്ധിച്ച നുണ പൊളിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഉദയനിധിയ്ക്ക് നല്‍കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിയെ സഹായിക്കാന്‍ മന്ത്രിമാര്‍ എല്ലാവരുമുണ്ടെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഉദയനിധിതന്നെ വ്യക്തമാക്കിക്കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide