
ന്യൂഡല്‍ഹി: രാജ്യതന്ത്രജ്ഞതയില്‍ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് റഷ്യയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. റഷ്യ നിലവിൽ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും ഏഷ്യയിലെയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്ക് റഷ്യയ്ക്ക് ചായ്‌വ് വന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ഡയലോഗ് ബഹുരാഷ്ട്രസമ്മേളന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
ചൈനയുമായുള്ള റഷ്യയുടെ നയതന്ത്രബന്ധം കൂടുതല്‍ ശക്തമാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഈ വിഷയത്തില്‍ റഷ്യയെ നിരന്തരം വിമര്‍ശിക്കുന്നത് അത്തരമൊരു കാര്യം യാഥാര്‍ഥ്യമാക്കാൻ ഇടവരുത്തുമെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
“റഷ്യയുമായി മറ്റു രാജ്യങ്ങൾ, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടത് പ്രധാനമാണ്. ബൃഹത്തായ നയതന്ത്ര പാരമ്യര്യമുള്ള റഷ്യയെപ്പോലുള്ള ഒരു രാഷ്ട്രം അതിശക്തമായ ഒരൊറ്റ ബന്ധത്തില്‍ തങ്ങളെ തളച്ചിടാന്‍ ഒരുങ്ങുകയില്ല.”
റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടോയെന്നും വിദേശകാര്യ മന്ത്രിയോട് ചോദിച്ചിരുന്നു.
“റഷ്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ റഷ്യയിലേക്കും മറ്റ് പാശ്ചാത്യരാജ്യങ്ങളിലേക്കുമുള്ള നിരവധി വാതിലുകൾ അടച്ചിരിക്കുന്നു എന്നതാണ്. അതിനുള്ള കാരണങ്ങൾ നമുക്കറിയാം. റഷ്യ ഏഷ്യയിലേക്കോ പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്കോ കൂടുതലായി നീങ്ങഉന്നു,”അദ്ദേഹം പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ നയങ്ങൾ റഷ്യയെയും ചൈനയെയും കൂടുതൽ അടുപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.














