യുക്രൈന് വേണ്ടി യുദ്ധം ചെയ്തു, 72 കാരനായ അമേരിക്കൻ പൗരന് റഷ്യയിൽ തടവ് ശിക്ഷ

മോസ്കോ: യുക്രൈന് വേണ്ടി കൂലിപ്പടയായി പ്രവർത്തിച്ചുവെന്നാരോപിച്ച് അമേരിക്കൻ പൗരന് റഷ്യൻ കോടതി തടവ് ശിക്ഷ വിധിച്ചു. 72 വയസുള്ള അമേരിക്കൻ പൗരനായ സ്റ്റീഫൻ ജെയിംസ് ഹബ്ബാർഡിന് ഏഴ് വർഷത്തോളം തടവ് ശിക്ഷയാണ് റഷ്യൻ കോടതി വിധിച്ചിരിക്കുന്നത്. 6 വർഷവും 10 മാസവുമാണ് ഇയാൾ തടവ് ശിക്ഷ അനുഭവിക്കേണ്ടത്.

മിഷിഗൺ സ്വദേശിയായ ഇയാളെ കഴിഞ്ഞ ആഴ്ചയാണ് റഷ്യൻ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2022 ഏപ്രിലിലാണ് റഷ്യൻ സേന സ്റ്റീഫൻ ജെയിംസ് ഹബ്ബാർഡ് എന്ന വയോധികനെ ഇസ്യൂമിലെ കിഴക്കൻ മേഖലയിൽ നിന്ന് പിടികൂടിയത്. യുക്രൈനിലേക്ക് റഷ്യ ആക്രമണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ഇതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു. യുക്രൈൻ കൂലിപ്പട്ടാളമായി പൊരുതുന്നതിന് തുച്ഛ വേതനം ഇയാൾക്ക് ലഭിച്ചിരുന്നതായാണ് റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.

റഷ്യ അനുകൂല നിലപാടാണ് സഹോദരനുള്ളതെന്നും ഈ പ്രായത്തിൽ ഈ ശിക്ഷ അതിജീവിക്കുക ദുഷ്കരമാണെന്നുമാണ് ഇയാളുടെ സഹോദരി പട്രീഷ്യ ഫോക്സ് പ്രതികരിച്ചത്. സഹോദരൻ സമാധാന പ്രേമിയാണെന്നും സ്വന്തമായി ഒരു തോക്ക് പോലും ഇല്ലാത്തയാൾ ആയുധം പ്രയോഗിച്ചുവെന്ന് വിശ്വസിക്കാൻ സാധ്യമല്ലെന്നും സഹോദരി അന്താരാഷ്ട്ര മാധ്യമങ്ങളോട് വിവരിച്ചിരുന്നു.

തിങ്കളാഴ്ച വിധി പ്രഖ്യാപനം കേൾക്കാനായി കോടതിയിൽ ശാരീരിക അസ്വസ്ഥതയോടെ ഏറെ പ്രയാസപ്പെട്ടാണ് ഇയാൾ നടന്ന് എത്തിയത്. ഇതിന്റെ വീഡിയോ റഷ്യൻ അധികൃതർ പുറത്ത് വിട്ടിരുന്നു. നിലവിൽ പത്തോളം യു എസ് പൗരന്മാരാണ് റഷ്യൻ തടവിലുള്ളതെന്നാണ് ലഭ്യമാകുന്ന കണക്കുകൾ.

Also Read

More Stories from this section

family-dental
witywide