
മരിച്ച സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്തതായി യുക്രേനിയൻ യുദ്ധത്തടവുകാരൻ്റെ ഭാര്യയുടെ ആരോപണം. യുക്രെയ്ന് വിട്ടുനൽകിയ സൈനികരുടെ മൃതദേഹങ്ങൾ പലതും പ്രധാന അവയവങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ഫ്രീഡം ടു ഡിഫൻഡേഴ്‌സ് ഓഫ് മരിയുപോൾ ഗ്രൂപ്പിൻ്റെ മേധാവി ലാറിസ സലേവ പറഞ്ഞു. എന്നാൽ റഷ്യൻ വൃത്തങ്ങൾ ഈ ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളുടെ ശക്തികളെ പൈശാചികവത്കരിക്കാനുള്ള പ്രചാരണത്തിൻ്റെ ഭാഗമാണിതെന്ന് റഷ്യ പ്രതികരിച്ചു.
തുർക്കിയിലെ അങ്കാറയിൽ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളും തുർക്കിയിലെ യുക്രേനിയൻ അംബാസഡർ വാസിൽ ബോഡ്‌നറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ ആരോപണങ്ങൾ ഉന്നയിച്ചത്.
പതിനായിരത്തിലധികം യുക്രേനിയക്കാർ റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.യുക്രേനിയൻ യുദ്ധത്തടവുകാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അവയവ കച്ചവട മാഫിയ റഷ്യയിൽ സജീവമാണെന്ന് സലവേ പറയുന്നു.
“തടവറയിൽ പീഡിപ്പിക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ ലഭിക്കുമ്പോൾ, അതിൽ അവയവങ്ങളില്ലാത്ത മൃതശരീരങ്ങളും ഉണ്ടാകാറുണ്ട്. ഈ കുറ്റകൃത്യം തടയാൻ ലോകം ഇത് ചർച്ച ചെയ്യേണ്ടതുണ്ട്,”അവർ പറഞ്ഞു.
2022 ഫെബ്രുവരിയിൽ ബെലാറസ്, റഷ്യ, ക്രിമിയ എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ സൈനിക സേന യുക്രെയ്നിലേക്ക് പ്രവേശിച്ചതോടെയാണ് യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചത്. അധിനിവേശത്തിന് മുമ്പ്, യുക്രേനിയൻ ഗവൺമെൻ്റ് സേനയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മിൽ കിഴക്കൻ യുക്രെയ്നിൽ എട്ട് വർഷമായി സംഘർഷം നിലനിന്നിരുന്നു.