
മോസ്‌കോ: പുടിന്‍ വിമര്‍ശകനായിരുന്ന മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം 14 ദിവസത്തേക്ക് കൈമാറില്ലെന്ന് റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നോവിചോക്ക് വിഷം ഉള്ളില്‍ച്ചെന്നതാണ് ഭര്‍ത്താവിന്റെ മരണകാരണമെന്ന് നെവല്‍നിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
നോവിചോക്ക് വിഷത്തിന്റെ അവശിഷ്ടങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാത്തിരിക്കുകയാണ് റഷ്യന്‍ അധികൃതരെന്നും അതിനായാണ് നവല്‍നിയുടെ മൃതദേഹം മറച്ചുവെച്ചിരിക്കുന്നതെന്നും ഭാര്യ യൂലിയ നവല്‍നി ആരോപിച്ചു.
രാസപരിശോധന നടക്കുന്നതിനാല്‍ നവല്‍നിയുടെ മൃതദേഹം 14 ദിവസത്തേക്ക് അമ്മയ്ക്ക് നല്‍കില്ലെന്ന് ഇന്ന് നവല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഇവാന്‍ ഷ്ദനോവ് പറഞ്ഞു. മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം നീട്ടിയതായി രാജ്യത്തെ ഉന്നത ക്രിമിനല്‍ അന്വേഷണ ഏജന്‍സിയായ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചതായി നവല്‍നി വക്താവ് കിര യാര്‍മിഷ് പറഞ്ഞു.













