
കീവ്: യുക്രൈനിൽ വമ്പൻ ആക്രമണവുമായി റഷ്യ. യുക്രൈനിന്റെ വൈദ്യുതി നിർമാണ മേഖലയെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കി അറിയിച്ചു.
ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടതായും കുട്ടികളക്കടക്കം ആറ് പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. യുക്രേനിയൻ പ്രതിരോധ സേന 140 ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. യുക്രൈനിലുടനീളം വൈദ്യുതി നിർമാണ, വിതരണ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന്റെ തലസ്ഥാനമായ കിയവിലും സുപ്രധാന തുറമുഖമായ ഒഡേസയിലും പടിഞ്ഞാറൻ, മധ്യ മേഖലകളിലും ഞായറാഴ്ചത്തെ ആക്രമണത്തിന്റെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ശൈത്യ കാലത്തിന് മുന്നോടിയായി യുക്രൈനിന്റെ വൈദ്യുതി ഉത്പാദന മേഖല തകരാറിലാക്കുകയാണ് റഷ്യയുടെ നീക്കം. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നെന്ന് കിയവിലെ സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ സെർഹി പോപ്കോ പറഞ്ഞു.
Russian massive attack on Ukraine power systems