
ന്യൂഡല്‍ഹി: കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ ഹെലികോപ്റ്ററുമായി ഉക്രൈനിലേക്ക് പോയ റഷ്യന്‍ പൈലറ്റിനെ കഴിഞ്ഞയാഴ്ച സ്പെയിനിലെ ഭൂഗര്‍ഭ ഗാരേജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈലറ്റ് മാക്‌സിം കുസ്മിനോവിന്റെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം മരിച്ചതായും ഉക്രൈനന്‍, സ്പാനിഷ് മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ സ്‌പെയിനിലെ അലികാന്റെയ്ക്ക് സമീപമുള്ള വില്ലജോയോസ പട്ടണത്തില്‍ കഴിഞ്ഞ 13ന് കണ്ടെത്തിയ മൃതദേഹത്തില്‍ ധാരാളം ബുള്ളറ്റുകള്‍ തറഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്‌നിലേക്കുള്ള കുസ്മിനോവിന്റെ കൂറുമാറ്റം കഴിഞ്ഞ വര്‍ഷം റഷ്യക്കുള്ള ഒരു വലിയ അട്ടിമറിയായി കണക്കുകൂട്ടിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ എംഐ-8 ഹെലികോപ്റ്ററുമായാണ് അദ്ദേഹം ഉക്രൈനില്‍ ഇറങ്ങിയത്. പിന്നീട് അദ്ദേഹം മറ്റൊരു പേരില്‍ ഉക്രേനിയന്‍ പാസ്പോര്‍ട്ടുമായി സ്പെയിനില്‍ താമസിച്ചു വരികയായിരുന്നു. കുസ്മിനോവ് സ്‌പെയിനില്‍ വച്ച് മരിച്ചതായി ഉക്രെയ്‌നിലെ ജിയുആര്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ വക്താവ് റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചെങ്കിലും മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഇയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി ഉക്രെയ്‌നിലെ യുക്രൈന്‍സ്‌ക പ്രാവ്ദ പത്രവും റിപ്പോര്‍ട്ട് ചെയ്തു.