ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കോ? അഭ്യൂഹം ശക്തം, നിഷേധിച്ച് രാജേന്ദ്രൻ

ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിനു പിന്നാലെ ഉണ്ടായ കോലാഹലങ്ങള്‍ അവസാനിക്കും മുമ്പേ സിപിഎമ്മില്‍നിന്നും ഒരു നേതാവ് ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന് അഭ്യൂഹം. ബിജെപിയിലേക്ക് കൂറുമാറുന്നവരുടെ പേരുകളില്‍ ഒടുവിലായി പ്രചരിക്കുന്നത് സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്റെ പേരാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എസ്. രാജേന്ദ്രന്‍. സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അത് പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.

പി.കെ കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കളും സംസാരിച്ചുവെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇതുവരെ തീരുമായിട്ടില്ലെന്നും അതില്‍ പ്രതിഷേധമുണ്ടെന്നും പറഞ്ഞ രാജേന്ദ്രന്‍ ബിജെപിയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ബിജെപി നേതാക്കള്‍ ചര്‍ച്ചനടത്തിയ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും രാജേന്ദ്രന്‍ പറയുന്നു. മാത്രമല്ല, ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide