
ദില്ലി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് പോയേക്കുമെന്ന സൂചന ശക്തം. കഴിഞ്ഞ ദിവസം എം എം മണിയക്കമുള്ള സി പി എം നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് പ്രശ്നങ്ങൾ അവസാനിച്ചെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജേന്ദ്രന്‍റെ പുതിയ നീക്കമെന്നാണ് വിവരം. ബി ജെ പി പ്രവേശനത്തിന് മുന്നോടിയായി എസ് രാജേന്ദ്രൻ ദില്ലിയിലെത്തി മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി കേരള ഘടകത്തിന്‍റെ ചുമതലയുമുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായത്.
ഇന്ന് ഉച്ചക്കു ശേഷം പ്രകാശ് ജാവദേക്കറുടെ ദില്ലിയിലെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നു. ദില്ലിയിൽ നിന്ന് തന്നെ രാജേന്ദ്രന്‍ ബി ജെ പി പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. സുരേന്ദ്രനടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും പ്രഖ്യാപനം.
S Rajendran will joins BJP meeting with prakash javadekar