പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സാഫല്യമടഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി.

ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ചത്. തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് എടുക്കും. തുടർന്നാണ്, തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടന്നത്. അപ്പോൾ പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു.

തിരുവാഭരണം ചാർത്തി 18ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നട അടക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നട അടക്കും. അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം.

More Stories from this section

family-dental
witywide