
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സര്‍വ്വേഫലങ്ങള്‍ എതിരായിരുന്നപ്പോള്‍ പകച്ചുപോയ ഋഷി സുനക് പ്രതീക്ഷ വീണ്ടും വാനോളം ഉയര്‍ത്തിയാണ് വോട്ടെടുപ്പ് വരെ കാര്യങ്ങള്‍ നീക്കിയത്. പക്ഷേ, ഒടുവില്‍ അതുതന്നെ സംഭവിച്ചു. പരാജയം…അത് എത്ര പ്രതീക്ഷിച്ചതാണെങ്കിലും വേദന വേദന തന്നെയാണ്.

ഇന്റര്‍നെറ്റിലുടനീളം തല കുനിച്ച് കണ്ണുകള്‍ താഴ്ത്തി പാര്‍ട്ടിയുടെ പരാജയം ശിരസാ വഹിച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ചിത്രങ്ങളായിരുന്നു. ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ എക്‌സോ അല്‍പനേരം സ്‌ക്രോള്‍ ചെയ്യുന്നവരുടെ കണ്ണുകളില്‍ ഉടക്കി ഇന്ന് കടന്നുപോയ ചിത്രങ്ങളിലൊന്നും ഇതായിരിക്കും. കഴിഞ്ഞ ദിവസം പോളിംഗ് നടക്കവെ ഗൂഗിളില്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞതും അദ്ദേഹത്തിന്റെ പേരായിരുന്നു. ഇന്ന് ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോഴേ ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പരാജയത്തിന്റെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു.

ഒടുവില്‍ പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ പരാജയത്തിന്റെ ഭാരത്താല്‍ നിരാശനായ അദ്ദേഹം പറഞ്ഞു, ഫലങ്ങള്‍ ‘ജനങ്ങളുടെ രോഷത്തിന്റെയും നിരാശയുടെയും’ പ്രതിഫലനമാണെന്ന്. അങ്ങേയറ്റം ദുഖത്തോടെയായിരുന്നു അദ്ദേഹം കാണപ്പെട്ടത്. മുമ്പ് പ്രതീക്ഷകള്‍ക്കൊണ്ട് തിളങ്ങിയ കണ്ണുകളില്‍ ദുഖവും ഓടിത്തളര്‍ന്ന ക്ഷീണവും നിഴലിച്ചിരുന്നു.

ഇതൊരു ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസത്തെ സുനക് ദുഃഖം നിറഞ്ഞ സ്വരത്തില്‍ വിളിച്ചത്. മാത്രമല്ല, ജനഹിതം അറിയുന്നുവെന്നും അംഗീകരിക്കുന്നുവെന്നും പരാജിതന്റെ വാക്കുകള്‍ വ്യക്തമാക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ഒപ്പം വേദിക്കരുകിലായി ഭാര്യ അക്ഷത സ്ഥാനം ഉറപ്പിച്ചിരുന്നു. പ്രസംഗം തീര്‍ത്ത് അക്ഷതയുടെ കൈയും പിടിച്ച് നടന്നുനീങ്ങുന്ന സുനകിന്റെ ചിത്രവും ഇന്ന് വൈറലായി മാറിയിരുന്നു.