ലണ്ടൻ മേയർ പദവിയിൽ ഹാട്രിക് വിജയവുമായി സാദിഖ് ഖാൻ; ഋഷി സുനകിന് തിരിച്ചടി

ലണ്ടൻ: ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് അനുകൂലമായി വന്നതോടെ ലണ്ടൻ മേയറായി മൂന്നാം തവണയും സാദിഖ് ഖാൻ റെക്കോർഡ് നേട്ടം കൈവരിച്ചു. മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്നായിരുന്നു സാദിഖ് ഖാന്റെ പ്രതികരണം.

53 കാരനായ പാകിസ്ഥാൻ വംശജനായ ലേബർ സ്ഥാനാർത്ഥി 43.8 ശതമാനം വോട്ട് വിഹിതത്തോടെ 10,88,225 വോട്ടുകൾ നേടി. കൺസർവേറ്റീവ് സ്ഥാനാർത്ഥി സൂസൻ ഹാളിന് 8,11,518 വോട്ടുകളേ നേടാനായുള്ളൂ.

മൊത്തം 13 മേയർ സ്ഥാനാർത്ഥികളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഡൽഹിയിൽ ജനിച്ച വ്യവസായി തരുൺ ഗുലാത്തി മിക്ക ബറോകളിലും വളരെ പിന്നിലായിരുന്നു.

14 മണ്ഡലങ്ങളിൽ ഒമ്പതിലും സാദിഖ് ഖാൻ വിജയിച്ചു. 2016 മുതൽ ലണ്ടൻ മേയറാണ് സാദിഖ് ഖാൻ. ശനിയാഴ്ച ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണെ പിന്തള്ളി, ലണ്ടനിൽ ഏറ്റവും കൂടുതൽ കാലം മേയറായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായ സാദിഖ് ഖാൻ മാറി. 2021 ലെ അവസാന മത്സരത്തെ അപേക്ഷിച്ച് സാദിഖ് ഖാന്റെ ഭൂരിപക്ഷവും വർധിച്ചു.

ലണ്ടനിലെ ആദ്യ മുസ്‍ലിം മേയറാണ് സാദിഖ് ഖാൻ. പാകിസ്‍താനിൽ നിന്നാണ് അദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറിയത്. എതിരാളിയായിരുന്ന സൂസൺ ഹാളിന്റെ ഇസ്​ലാമോഫോബിക് പ്രചാരണം മറികടന്നാണ് അദ്ദേഹം വിജയം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 500 ഓളം സീറ്റുകൾ നഷ്ടപ്പെട്ട കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. നാലു പതിറ്റാണ്ടിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ മോശം തിരഞ്ഞെടുപ്പ് ഫലവും കൂടിയാണിത്.

More Stories from this section

family-dental
witywide