
മയാമി : ഫോമയുടെ 2024-2026 നാഷണല്‍ കമ്മറ്റിയിലേക്ക് ഫ്ളോറിഡയില്‍ നിന്നും മത്സരിക്കുന്ന സാജന് മാത്യുവിന് കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡായുടെ പരിപൂര്‍ണ പിന്തുണ. പ്രസിഡന്റ് ഷിബു ജോസഫിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളസമാജം കമ്മറ്റി ഐകകണ്ഠ്യേന അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.
രണ്ടരപ്പതിറ്റാണ്ടുകളായി കേരളസമാജത്തിന്റെ ഒരംഗം എന്നതിലുപരി വിവിധ തലങ്ങളില്‍ തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളയാളാണ് സാജന് മാത്യു. അതോടൊപ്പം കേരളസമാജത്തിന്റെ മുന്‍കാല പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയിലെ എല്ലാ അംഗങ്ങളെയും ഒത്തൊരുമിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനമികവ് തെളിയിച്ച വ്യക്തികൂടിയാണ്. സൗത്ത് ഫ്ളോറിഡയിലെ മലയാളിസമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യമായ സാജന് മാത്യു ഒരു മികച്ച വാഗ്മിയും ജീവകാരുണ്യപ്രവര്‍ത്തകനും കൂടിയാണ്.
ഒരു സാമൂഹിക പ്രവര്ത്തകന് എന്ന നിലയില്‍ എറെ അനുഭവസമ്പത്തും പ്രവര്ത്തനപരമ്പര്യവും കൈമുതലായുള്ള സാജന് മാത്യു, ഫോമാ എന്ന സംഘടനക്ക് തികച്ചും ഒരു മുതല്‍ക്കൂട്ടായിരിക്കും.
നാഷണല്‍ സംഘടനയായ ഫോമയുടെ കീഴില്‍ മലയാളിസമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ഉന്നമനത്തിനായി അനന്തസാധ്യതകളുണ്ടെന്നും അതിനുവേണ്ടി ഫോമയുടെ സമുന്നതരായ നേതാക്കളുമായി ചേര്‍ന്നുനിന്ന് എല്ലാ പരിശ്രമങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടാകും എന്നും സാജന് മാത്യു അറിയിച്ചു. ഇതോടൊപ്പം കേരള സമാജത്തിന്റെ മുന്‍പ്രസിഡന്റുമാരും മറ്റു മുന്‍നിര പ്രവര്‍ത്തകരും തന്നിലര്‍പ്പിച്ചിരിക്കുന്ന എല്ലാ പ്രതീക്ഷകള്‍ക്കും, പിന്തുണക്കും സാജന് നന്ദി അറിയിച്ചു. ഒപ്പം ഇതിലുള്‍പ്പെട്ട മറ്റെല്ലാ പ്രാദേശികസംഘടനകളുടെയും പരിപൂര്‍ണമായ പിന്തുണ പ്രതീക്ഷിക്കുന്നതായും സാജന് വ്യക്തമാക്കി. സണ്‍ ഷൈന്‍ റീജണിലെ മിക്ക സംഘടനകളുടെയും പിന്തുണയുമായി സാജന് മത്സരരംഗത്ത് സജീവമായികഴിഞ്ഞു.