
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി ഇടപെടലിൽ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രംഗത്ത്. ഹൈകോടതി ആവശ്യപ്പെട്ടതുപോലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം മുദ്ര വെച്ച കവറിൽ സമർപ്പിക്കാൻ സർക്കാർ തയ്യാറെന്ന് മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. റിപ്പോർട്ടിൻമേൽ ഹൈക്കോടതി എന്ത് ഉത്തരവിട്ടാലും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന് കഴിഞ്ഞുവെന്നും ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ക്രിമിനൽ ഭാഗമാണ് ഹൈക്കോടതി പരിശോധിക്കുന്നത്. ആർക്കെങ്കലുമെതിരെ ആക്രമണങ്ങളോ മറ്റ് വഴിവിട്ട ബന്ധങ്ങളോ നടന്നിട്ടുണ്ടോ എന്ന് കോടതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിൽ ഏന്തെങ്കിലും പ്രശ്നത്തിൽ കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞാൽ കേൾക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. സർക്കാർ ഭരണപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. അതിന്റെ ഭാഗമായി എല്ലാ തലത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അതേസമയം കോൺക്ലേവ് നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 23, 24, 25 തീയിതകളിൽ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ തീരുമാനിച്ച കാര്യമാണിത്. കോൺക്ലേവിനായുള്ള സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞെന്നും മന്ത്രി വിവരിച്ചു.