
മുംബൈ: നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രാജസ്ഥാനില്‍ നടന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് സംഘത്തിലെ അംഗങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ വെടിയുതിര്‍ത്തിരുന്നു.
വെടിയേറ്റ് മരിച്ച എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബ സിദ്ദിഖിന്റെ മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖിയ്ക്കും സല്‍മാനും എതിരെ വധഭീഷണി മുഴക്കിയതിന്റെ പേരില്‍ 20 വയസുകാരനെ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭീഷണി എത്തിയത്. മുമ്പ്, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പേരില്‍ ജംഷഡ്പൂരില്‍ നിന്നുള്ള പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹുസൈന്‍ ഷെയ്ഖ് മൗസിന്‍ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് കോടി രൂപയായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായെത്തുന്ന വധഭീഷണികളെത്തുടര്‍ന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.