സല്‍മാന്‍ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്ത കേസ്: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ പ്രതിയാക്കി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ രണ്ട് പേര്‍ വെടിയുതിര്‍ത്ത കേസില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയെ മുംബൈ പോലീസ് പ്രതിയാക്കി.
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയുമായി വെടിവെപ്പുകാര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു, ഇയാളെയും കേസില്‍ ക്രൈംബ്രാഞ്ച് തിരയുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസില്‍ രണ്ട് പ്രതികളായ വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരെ മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ബിഷ്ണോയ് സംഘമാണ് ഇവരെ വാടകയ്ക്കെടുത്തതെന്നാണ് സൂചന.

അന്വേഷണത്തില്‍ ലോറന്‍സ് ബിഷ്ണോയിയെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളും സാക്ഷികളെയും കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നും ജയിലിലായ ഗുണ്ടാസംഘത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഏപ്രില്‍ 14 ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ വിക്കി ഗുപ്തയും സാഗര്‍ പാലും മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലുള്ള സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് നാല് റൗണ്ട് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഗുജറാത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ബിഷ്ണോയി സംഘമാണ് തങ്ങളെ വാടകയ്ക്കെടുത്തതെന്ന് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അന്‍മോല്‍ ബിഷ്ണോയിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഏറ്റെടുത്തിരുന്നു.