തെലുങ്കിലും വേണം ഇതുപോലൊന്ന്‌! ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തെലങ്കാന സര്‍ക്കാരിനോട് സാമന്ത

ന്യൂഡല്‍ഹി: മലയാള സിനിമ ലോകത്തെ അടിമുടി വിറപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് സാമന്ത റൂത്ത് പ്രഭു. തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സമാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ താരം തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായാല്‍ ഇത് നയങ്ങള്‍ രൂപപ്പെടുത്താനും സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കുമെന്നും താരം വ്യക്തമാക്കി.

അതേസമയം, തെലുങ്ക് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെയും വ്യവസായ നയങ്ങളുടെയും രൂപീകരണത്തിന് സഹായിക്കുന്ന ലൈംഗികപീഡനത്തെക്കുറിച്ചുള്ള സമര്‍പ്പിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെലങ്കാന സര്‍ക്കാര്‍ കേരളാ മാതൃകയിലുള്ള ഒരു കമ്മിറ്റി രൂപീകരിച്ചാല്‍ ടോളിവുഡിന് വലിയ നേട്ടമുണ്ടാകുമെന്ന് സാമന്ത പറഞ്ഞു.

‘ഞങ്ങള്‍, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ – സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2017ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ ജസ്റ്റിസ് ഹേമ കമ്മിറ്റി 2019-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമപരമായ വെല്ലുവിളികള്‍ക്കൊടുവില്‍ അടുത്തിടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

More Stories from this section

family-dental
witywide