സ്വവർഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്, സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാം

സ്വവർഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്. വ്യാഴാഴ്ചയാണ് ഗ്രീസിലെ പാർലമെന്റ് എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയത്. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ബിൽ നൽകുന്നുണ്ട്. പാർലമെന്റിൽ അരങ്ങേറിയ രണ്ട് ദിവസത്തെ ചൂടേറിയ സംവാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്

ഓർത്തഡോക്സ് സഭയുടെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് ബിൽ പാസാക്കിയത്. അസമത്വത്തെ ഇല്ലാതാക്കുന്നതാണെന്ന് പുതിയ നിയമമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു. പരിഷ്‌കാരം ധീരമായ നടപടിയാണെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടപ്പോൾ “സാമൂഹ്യവിരുദ്ധം” എന്നാണ് യാഥാസ്ഥിതിക വിഭാഗം വിശേഷിപ്പിച്ചത്.

തീരുമാനത്തിന് പിന്നാലെ സഭാ അനുകൂലികൾ ഏതൻസിൽ പ്രതിഷേധ റാലികൾ സംഘടിച്ചു. തലസ്ഥാനത്തെ സിൻ്റാഗ്മ സ്ക്വയറിൽ ബാനറുകൾ ഉയർത്തിയും ബൈബിൾ ഭാഗങ്ങൾ വായിച്ചുമായിരുന്നു പ്രതിഷേധം. ഈ നടപടിക്ക് വോട്ട് ചെയ്ത നിയമനിർമ്മാതാക്കളെ ബഹിഷ്കരിക്കുമെന്ന് ഓർത്തഡോക്സ് ബിഷപ്പുമാർ അറിയിച്ചു. സഭയുടെ എതിർപ്പായിരുന്നു ഇത്രയും കാലം ഗ്രീസിനെ പരിഷ്കാരത്തിൽനിന്ന് പ്രധാനമായും പിന്നോട്ടുവലിച്ചിരുന്നത്. നടപടി രാജ്യത്തിന്റെ സാമൂഹിക ഐക്യത്തെ ദുഷിപ്പിക്കുമെന്ന് ഓർത്തഡോക്സ് സഭാ തലവൻ ആർച്ച് ബിഷപ്പ് ഐറോണിമോസ് പറഞ്ഞു.

മധ്യ-വലതുപക്ഷ പാർട്ടിയിലെ ലിബറൽ വിഭാഗം നേതാവാണ് കിരിയാക്കോസ് മിത്സോതാകിസ്. എൽജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ആദ്യം മുതൽ നിലകൊണ്ട നേതാവാണ് ഇദ്ദേഹം. സ്വന്തം പാർട്ടിയിൽനിന്നുതന്നെ വലിയ എതിർപ്പുകൾ മിത്സോതാകിസ് നേരിട്ടിരുന്നു. ബിൽ പാസാക്കാൻ പ്രതിപക്ഷ കക്ഷികളുടെ ഉൾപ്പെടെ പിന്തുണ ആവശ്യമായിരുന്നു. ഗ്രീസിലെ പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷ പാർട്ടികളാണ് പ്രധാനമായും ബില്ലിന് പിന്തുണ നൽകിയത്. ഗ്രീസ് ചരിത്രത്തിലെ ആദ്യ സ്വവർഗാനുരാഗിയായ രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രധാന പ്രതിപക്ഷമായ സിറിസയുടെ സ്റ്റെഫാനോസ് കസെലകിസ്.

Same Sex Marriage legalized in Greece

More Stories from this section

family-dental
witywide