സന്ദേശ്ഖാലി കേസ്: അറസ്റ്റിലായ ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച് ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഭൂമി തട്ടിയെടുക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാകുകയും ചെയ്ത തൃണമൂല്‍ മുന്‍ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച് ബംഗാള്‍ സര്‍ക്കാര്‍.

കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിട്ടും ഇയാളെ സിബിഐക്ക് കൈമാറാന്‍ ബംഗാള്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്.

വൈകുന്നേരം 4.30-നകം ഷാജഹാന്റെ കസ്റ്റഡിയും കേസ് സാമഗ്രികളും കൈമാറാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് വെറുംകൈയോടെ സിബിഐ സംഘത്തിന് മടങ്ങേണ്ടി വന്നുവെന്നാണ് വിവരം. സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചുവെന്നും അതിനാല്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ഷാജഹാനെ വിട്ടയക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇന്ന് ഹൈക്കോടതി സംസ്ഥാന പോലീസ് ‘തികച്ചും പക്ഷപാതപരമാണെന്ന്’ വിലയിരുത്തുകയും ഷാജഹാനെതിരായ ആരോപണങ്ങളില്‍ ‘ന്യായവും സത്യസന്ധവും സമ്പൂര്‍ണ്ണവുമായ അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, ഈ കേസ് സിബിഐ അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് സിബിഐയുടെയും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കുകയും കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയും ചെയ്തിരുന്നു. അതേസമയം, ഷെയ്ഖ് ഷാജഹാന്‍ കേസുമായി ബന്ധപ്പെട്ട് 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.

More Stories from this section

family-dental
witywide