
കൊച്ചി: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളുണ്ടാക്കി വീഡിയോ പകര്‍ത്തുകയും യൂ ട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് നടപടി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്.
സഞ്ജുവിനെയും കാര്‍ ഓടിച്ച സൂര്യനാരായണനെയും പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമടക്കം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.